തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ്കുമാറിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നു. തിരുവനന്തപുരത്തെ ഇലക്ട്രിക് ബസുകളുടെ സിറ്റി സർവീസ് ലാഭമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. ഓരോ ബസും പ്രതിമാസം ശരാശരി 25000 രൂപ ലാഭത്തിലാണെന്നായിരുന്നു കെഎസ്ആർടിസി മുമ്പ് അറിയിച്ചത്. ഇലക്ട്രിക് ബസുകൾ ആദ്യം അവതരിപ്പിച്ചപ്പോൾ ശരാശരി 10,000 പേർ പോലും കയറിയിരുന്നില്ല.
എന്നാൽ, ഇലക്ട്രിക് ബസിൽ നഗരത്തിൽ എവിടെയും 10 രൂപ നിരക്കിൽ യാത്ര ചെയ്യാമെന്ന രീതിയായതോടെ ആളുകൾ കയറി തുടങ്ങി. നിലവിൽ സിറ്റി സർക്കുലർ സർവീസുകളിൽ 70,000–80,000 പേർ ദിവസവും കയറുന്നുണ്ടെന്ന് കെഎസ്ആർടിസി തന്നെ അറിയിച്ചു. മാസം ഒരു ബസിൽ 25,000 രൂപ വരെ ലാഭമെന്നും അറിയിച്ചു. എന്നാൽ, പെട്ടെന്നാണ് ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് മന്ത്രി പറയുന്നത്. ഇതിന്റെ കണക്ക് അധികൃതർ വിശദീകരിച്ചിട്ടുമില്ല. ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ തീരുമാനം മറ്റുപദ്ധതികളെയും ബാധിക്കും. 500 ഇ-ബസുകൾ വാങ്ങാനായി 814 കോടി രൂപയാണ് കിഫ്ബി വായ്പ അനുവദിച്ചത്. കാർബൺ ബഹിർഗമനം കുറക്കാനും പൊതുഗതാഗതം ആകർഷകമാക്കാനുമാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചത്.
ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിൽ സർവീസിനിറക്കിയത്. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നും അറിയിച്ചിരുന്നു.#ksrtc