ദുബൈ: ചെങ്കടലിൽ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെയാണ് ആക്രമണം .. ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹമാസുമായി ബന്ദിമോചന ചർച്ചക്ക് വഴിയൊരുക്കാൻ ഖത്തറുമായി ആശയവിനിമയം തുടരുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി.
ഗസയിലെ ഖാൻയൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. മാൾട്ട പതാക വഹിക്കുന്ന ചരക്കു കപ്പലിനുനേരെയാണ് ചെങ്കടലിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായത്. സൂയസ് കനാലിലേക്കുള്ള യാത്രക്കിടെ ‘സോഗ്രാഫിയ’എന്ന കപ്പലാണ് അക്രമിക്കപ്പെട്ടത്. 20 ജീവനക്കാരുള്ള കപ്പൽ ആക്രമണത്തെ തുടർന്നും സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങി. 24 മണിക്കൂറിനിടെ മൂന്നാമത് കപ്പലാണ് ചെങ്കടലിൽ ആക്രമിക്കപ്പെടുന്നത്. ഹൂതികൾ മിസൈലുകൾ അയക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻറ്. ഇപ്പോൾ നടത്തിയ ആക്രമണം ഹൂതികളുടെ മിസൈൽ അയക്കാനുള്ള പ്രാപ്തി ലഘൂകരിച്ചതായി വൈറ്റ്ഹൗസ്.
ഹൂതികൾക്കായി ഇറാനിൽനിന്ന് ബോട്ടിൽകടത്തുകയായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായും അമേരിക്ക. യു.എസ്.എസ് ലബൂൺ പടക്കപ്പലിനു നേരെ കഴിഞ്ഞ ദിവസം ഹൂതികൾമിസൈൽ തൊടുത്തിരുന്നു ഇറാൻ സേന ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തോടെ ഗസ്സ യുദ്ധത്തിന് കൂടുതൽ വ്യാപ്തി ലഭിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.
ഇർബിലിലെ ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം തകർത്തതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാഖിലും സിറിയയിലും ഇറാൻ ഇത്ര വലിയ ആക്രമണം നടത്തുന്നത് അടുത്തിടെ ഇതാദ്യമാണ്. ഇർബിലിനു നേരെയുള്ള ആക്രമണം രാജ്യത്തിന്‍റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബന്ദികൾക്ക് മരുന്ന് കൈമാറുന്നതിനു പകരമായി ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാനും ഇസ്രായേലിനും ഹമാസിനും ഇടയിൽ ധാരണ രൂപപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
അതിനിടെ, ഗസ്സയിൽ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 158 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെഎണ്ണം 24,285 ആയി. 61,154 പേർക്ക് പരിക്കുണ്ട്. റബൈത് ലാഹിയയിൽനിന്ന് 100 റോക്കറ്റ് ലോഞ്ചറുകൾ പിടിച്ചെടുത്തതായും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഇസ്രായേൽ അറിയിച്ചു. ഖാൻ യൂനുസിൽ കടുത്ത ചെറുത്തുനിൽപ് നടത്തുന്ന അൽഖസ്സാംബ്രിഗേഡിന്റെ തിരിച്ചടിയിൽ ഏതാനും ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തെക്കൻ ഗസ്സയിലെ സൈനിക നടപടി അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ്ഗാലന്റ് പറഞു. ഹമാസ് നേതാവ് യഹ്യ സിൻവാറിന് യൂറോപ്യൻ യൂനിയൻ വിലക്ക് ഏർപ്പെടുത്തി.
Read More:- റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് ജയം