കൊണ്ടോട്ടി: ജലക്ഷാമം രൂക്ഷമാകുന്ന കൊണ്ടോട്ടി നഗരപ്രദേശത്ത് ശുദ്ധജലമെത്തിക്കാൻ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ ക്രമക്കേട് പരിശോധിക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പരാതിക്കാരുടെ വാദം കേട്ടു.
പദ്ധതിയിൽ നടക്കുന്ന നിയമവിരുദ്ധ നടപടികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി-അമൃത് വാട്ടർ പ്രോജക്ട് പ്രൊട്ടക്ഷൻ ഫോറത്തിനായി ഫ്രണ്ട്സ് ഓഫ് നേച്ചർ സെക്രട്ടറി എം.എസ്. റഫീഖ് ബാബു സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ഒക്ടോബർ 26ന് ഹൈകോടതി നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു വാദം കേൾക്കൽ.
ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാദംകേൾക്കലിൽ ക്രമക്കേട് പരിഹരിക്കാൻ ജല വിഭവവകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് പൊതുജനവാദം കേൾക്കുക, പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടുക, രണ്ട് മാസത്തിനകം പൈപ്പിട്ട സ്ഥലങ്ങളിൽ വെള്ളമെത്തിക്കുക, മഴക്കാലത്തിനുമുമ്പ് വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക, ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുക, ഇതിൽ എടുക്കുന്ന നടപടികൾ രണ്ടാഴ്ചക്കകം പരാതിക്കാരനെ രേഖാമൂലം അറിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരാതിക്കാരനും കിഫ്ബി-അമൃത് വാട്ടർ പ്രൊജക്റ്റ് പ്രൊട്ടക്ഷൻ ഫോറം പ്രതിനിധികളും ഹിയറിങ്ങിൽ ഉന്നയിച്ചു. ക്രമക്കേടുകളും അഴിമതിയും തെളിയിക്കുന്ന രേഖകളും ഹാജരാക്കി.
ഓൺലൈനായി നടന്ന യോഗത്തിൽ ജല അതോറിറ്റി എം.ഡി, പ്രൊജക്ട് ആൻഡ് ഓപറേഷൻസ് ചീഫ് എൻജിനീയർ, പദ്ധതി നടപ്പാക്കൽ ചുമതലയുള്ള തിരുവനന്തപുരം യൂനിറ്റിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഡെപ്യൂട്ടി ലോ ഓഫിസർ, കോഴിക്കോട് നോർത്ത് മേഖല ചീഫ് എൻജിനീയർ, കോഴിക്കോട് പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ, പ്രൊജക്ട് എൻജിനീയർ കോഴിക്കോട്, മലപ്പുറം സൂപ്രണ്ടിങ് എൻജിനീയർ, മലപ്പുറം എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരും പ്രൊട്ടക്ഷൻ ഫോറത്തെ പ്രതിനിധീകരിച്ച് പരാതിക്കാരനായ റഫീഖ് ബാബു, മെഹർ മൻസൂർ, ഹാഫിസ് റഹ്മാൻ, മുനീർ അഹ്മദ് തുടങ്ങിയവരും പങ്കെടുത്തു.#kifbi