ഇരവിപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ഉത്തർപ്രദേശിലെ ഖാസിയബാദ് ജില്ലയിലുള്ള ദിപ്തേഷ് ചക്രബോർട്ടി (35) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ഇസ്രായേലിലെ കെയർ ടേക്കർ കാറ്റഗറിയിലുള്ള ഓഫിസറുമായി നല്ല ബന്ധമുണ്ടെന്നും നല്ല ശമ്പളം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് നിരവധിപേരുടെ പക്കൽനിന്ന് 7.5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഇയാളും മറ്റ് പ്രതികളും ചേർന്ന് കൈക്കലാക്കി. 2022 മാർച്ച് 14നും 2023 ഫെബ്രുവരി 14നും മധ്യേയാണ് പ്രതികൾ രണ്ടുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഇസ്രായേൽ സർക്കാറിന്റെ പേരിൽ വ്യാജ വിസനൽകിയത്. കബളിപ്പിക്കപ്പെട്ടത് മനസ്സിലാക്കി ഇരവിപുരം പൊലീസിൽ പരാതി നൽകുകയും തുടർന്ന് മൈക്കിൾ ഔസേഫ്, പ്രണവ്, ഷീജ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണർ വിവേക് കുമാറിന്റെ നിർദേശപ്രകാരം ദിപ്തേഷിനെ ഡൽഹിയിൽനിന്ന് ഇരവിപുരം സബ് ഇൻസ്പെക്ടർ അനീഷ്കുമാർ, സി.പി.ഒ അരുൺ, പ്രിൻസ് ചാക്കോ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഇത്തരത്തിൽ തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്.