ഫേസ്ബുക്ക് സ്ഥാപകനായ സക്കർബർഗിന്റെ പുതിയ ബിസിനസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ഈ വിവരം അദ്ദഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ഹവായിലുള്ള കോയിൽ കൊലാവു എന്ന സ്ഥലത്താണ് കന്നുകാലി ഫാം തുടങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും നല്ല ബീഫുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. മക്കാഡാമിയ പഴവും ഡ്രൈ ഫ്രൂട്ട്സും പ്രാദേശികമായി നിർമിക്കുന്ന ബിയറുമാണ് കന്നുകാലികൾക്ക് ഭക്ഷണമായി നൽകുന്നത്.
പോസ്റ്റിന് താഴെ സക്കർബർഗിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ മലയാളികളും ഉണ്ട്. ‘ഗോമാതാവിനെ തിന്നുന്ന സക്കർബർഗ് മുതലാളിയെ ബഹിഷ്കരിക്കുക’, ‘മിത്രങ്ങൾ ഇന്നുമുതൽ ഫേസ്ബുക്കും ഉപേക്ഷിക്കുന്നതാണ്’, ‘എന്റെ ഗോമാതാവേ ഞാൻ എന്താ ഈ കാണുന്നത്, ധൈര്യമുണ്ടെങ്കിൽ യുപിയിൽ വന്ന് കഴിക്ക്’, ‘സാർ ബീഫിന്റെ കൂടെ കുറച്ച് പൊറോട്ടയും, പശുവിന് കൊടുത്തിട്ട് ബാക്കിവന്ന ബിയർ വല്ലതും ഉണ്ടെങ്കിൽ അതും കൂടി കിട്ടാനുള്ള ഏർപ്പാട് ചെയ്യുമോ’- തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.