ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കെ പുതിയ തന്ത്രം പയറ്റാനൊരുങ്ങി ബിജെപി. മാർച്ച് പകുതിക്ക് മുൻപായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി ആദ്യവാരം മോദി കേരളത്തിലെത്തിയിരുന്നു. ബിജെപിയുടെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ജനുവരി മൂന്നിന് അദ്ദേഹമെത്തിയത്. തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച മഹിളാ സംഗമത്തിലൂടെ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കമിടുകയായിരുന്നു.
കേരളത്തിലെയും ഗുജറാത്തിലെയും രാജസ്ഥാനിലെയും തമിഴ്‌നാട്ടിലെയും ലക്ഷദ്വീപിലെയും സന്ദർശനത്തിനുശേഷം മഹാരാഷ്ട്രയിലാണ് അടുത്തതായി മോദി എത്തുന്നത്. ഇതിന് പിന്നാലെ ജനുവരി 13ന് ബീഹാറിലും തുടർന്ന് ജാർഖണ്ഡിലും എത്തും. ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനായി അദ്ദേഹം എത്തും. ഇതിനൊപ്പം തന്നെ മറ്റിടങ്ങിലെ സന്ദർശനം കൊണ്ടുപോകാനാണ് ബിജെപിടയുടെ പദ്ധതി. പ്രധാനമന്ത്രിയെ കൂടാതെ പാർട്ടിയിലെ ശക്തരായ അമിത് ഷാ, ജെ പി നദ്ദ എന്നിവരെ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപായിതന്നെ എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കാനാണ് ബിജെപിയുടെ നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിയുടെ ഓരോ റൗണ്ട് സന്ദർശനം സംഘടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഓരോ സന്ദർശന സ്ഥലത്തും ഒരു പൊതുപരിപാടിയും റോഡ് ഷോയും നടത്തുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി വിപുലമായ പദ്ധതികളാണ് ബിജെപി തയ്യാറാക്കിയിട്ടുള്ളത്. ആദ്യം പാർട്ടി പ്രവർത്തകരെ അണിനിരത്തിയുള്ള പ്രവർത്തനങ്ങൾ. പിന്നാലെ മുതിർന്ന പാർട്ടി നേതാക്കളുടെ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലുള്ള സന്ദർശനം എന്നിങ്ങനെയാണ് മാസ്റ്റർ പ്ലാൻ.#modi