കുളത്തൂപ്പുഴ: വിദ്യാര്‍ഥികള്‍ക്കായി നാട്ടുകാര്‍ നിര്‍മിച്ചു നല്കിയ കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ കാറ്റില്‍ നിലം പൊത്തി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹൈസ്കൂള്‍ കവലയില്‍ പ്രദേശവാസികള്‍ കമ്പും തടിയും തകരഷീറ്റും ഉപയോഗിച്ച് നിര്‍മിച്ചുനല്‍കിയ കാത്തിരിപ്പ് കേന്ദ്രമാണ് തകര്‍ന്നുവീണത്. മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി സ്കൂള്‍കവലയില്‍ മുമ്പുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയിരുന്നു.
എന്നാല്‍ മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചുവെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് കമ്പും തടിയും ഷീറ്റും ഉപയോഗിച്ച് താല്കാലികമായി കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു നല്‍കുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം നിലം പൊത്തിയത്. ഇതോടെ സ്കൂള്‍ വിട്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കും യാത്രികര്‍ക്കും വെയിലും മഴയുമേല്ക്കാതെ നില്ക്കാന് ഇടമില്ലാത്ത അവസ്ഥയാണ് നിലവില്‍.#wind