മുംബൈ: മാലദ്വീപ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. പ്രധാനമന്ത്രിക്കെതിരെ മറ്റൊരു രാജ്യത്തുനിന്നുള്ളവർ നടത്തുന്ന ഇത്തരം പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഏതെങ്കിലും സ്ഥാനത്തിരിക്കുന്നവർ പ്രധാനമന്ത്രിക്കെതിരെ ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞാൽ ഞങ്ങൾ അംഗീകരിക്കില്ല. പ്രധാനമന്ത്രി പദവിയെ നമ്മൾ ആദരിക്കണം. പ്രധാനമന്ത്രിക്കെതിരെ രാജ്യത്തിന് പുറത്ത് നിന്നുള്ള യാതൊന്നും ഞങ്ങൾ അംഗീകരിക്കില്ല’ -ശരദ്പവാർ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മൂന്ന് മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ ബദൽ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിനെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു മാലദ്വീപ് മന്ത്രിമാരുടെ വിമർശനം. കഴിഞ്ഞ ചൊവ്വാഴ്ച ലക്ഷദ്വീപ് സന്ദർശിച്ചതിനൊപ്പം മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് അവരെ ചൊടിപ്പിച്ചത്.
വിവാദത്തെ തുടർന്ന് മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെ ഞായറാഴ്ച സസ്പെൻഡ് ചെയ്ത മാലദ്വീപ് ഭരണകൂടം, മന്ത്രിമാരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാലദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരിച്ചു. എല്ലാ അയൽപക്ക രാജ്യങ്ങളുമായും ക്രിയാത്മകവും ഗുണപരവുമായ സംഭാഷണങ്ങൾക്ക് പ്രതിബദ്ധമാണെന്നും മാലദ്വീപ് വ്യക്തമാക്കി. വിദേശ നേതാക്കൾക്ക് എതിരായ പരാമർശം അംഗീകരിക്കാനാവില്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറഞ്ഞു.
മന്ത്രിമാരുടെ പരാമർശങ്ങളിൽ കടുത്ത ഉത്കണ്ഠ അറിയിച്ച ഇന്ത്യ, മാലദ്വീപ് ഹൈകമീഷണറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിനുപുറമെ, മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷണർ അവിടത്തെ വിദേശകാര്യ മന്ത്രാലയത്തെ ശക്തമായ പ്രതിഷേധവും അറിയിച്ചു.#maldives