കോട്ടയം: വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. താനും കൂടി അഭിപ്രായം പറഞ്ഞാൽ ജനങ്ങൾക്ക് വിഷമമാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെ റെയിൽ അപ്രായോഗികമായ പദ്ധതിയാണെന്നും കേന്ദ്രം അനുവദിച്ചാലും നടപ്പാക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നതെന്നും സതീശൻ പരിഹസിച്ചു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നവ കേരള സദസിൽ ഉടനീളം തനിക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയ ആളാണ് സജി ചെറിയാൻ. അപകീർത്തികരമായ പരാമർശമാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരിപാടികൾക്ക് വിളിച്ചാൽ ആളുകൾക്ക് പോകേണ്ടിവരും. പ്രധാനമന്ത്രി വിളിച്ച സദസിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല. അതിന് പോയവരെ കളിയാക്കുകയും പരിഹസിക്കുകയുമല്ല വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.