ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30ലധികം വിമാന സർവീസുകൾ താളംതെറ്റി. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങൾ മഞ്ഞിൽ മുങ്ങി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്.
മൂടൽ മഞ്ഞ് നഗരത്തിലെ വാഹന ഗാതഗതത്തെയും ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.
Read More:- പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത