തിരുവനന്തപുരം പുതിയ മന്ത്രി സഭയിൽ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടാകില്ല… സത്യപ്രതിജ്ഞക്ക് ശേഷം വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ വകുപ്പുകളിൽ മാറ്റം സംഭവിക്കില്ല.. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള പുനസംഘടന. കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമ്പോള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിന് തെല്ലും കോട്ടമില്ല. എതിരഭിപ്രായത്തിന്റെ ചെറു കണിക പോലുമില്ല. ഇനി ആകെ ഔദ്യോഗികമായുള്ള പുതിയ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനം മാത്രം ബാക്കി. അതിലും ആശങ്കയുമില്ല. ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവര്‍ക്കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.
രണ്ടുപേരും ഇതേ വകുപ്പുകള്‍ നേരത്തെ വഹിച്ചു പരിചയമുള്ളവരാണ്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല. അതിന്റെ പേരില്‍ എല്‍ഡിഎഫില്‍ വിവാദങ്ങളും ഇല്ല. മന്ത്രിസ്ഥാനം വേണമെന്ന കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം പരിഗണിച്ചില്ല. പകരം, ഉചിതമായ പരിഗണനകള്‍ നല്‍കാമെന്ന ഉറപ്പു നല്‍കിയിട്ടുണ്ട്.
ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും.
Read More:- രാഹുലിന്റെ ‘പോക്കറ്റടിക്കാരൻ’ പരാമർശം; നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം