ഡൽഹി: മൂന്നിൽ രണ്ട് പ്രതിപക്ഷ എം.പിമാരും സസ്പെൻഷനിലായിരിക്കെ പാർലമെന്‍റിൽ നിർണായക ബില്ലുകൾ പാസ്സാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെയും കമീഷണർമാരെയും തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ നിർണായക ബിൽ ലോക്സഭ പാസ്സാക്കിയപ്പോൾ ടെലെകോം ബിൽ രാജ്യസഭയിലും പാസ്സാക്കി.
തെരഞ്ഞെടുപ്പ് കമീഷണർ നിയമന ബിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണർമാരെയും തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതാണ് നിർണായക മാറ്റം. തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി വിധിച്ചിരുന്നു. കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളർന്ന ഈ വിധിയെ നിയമനിർമാണത്തിലൂടെ മറികടന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ മാത്രമാണ് സമിതിയിലെ അംഗങ്ങൾ. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങൾ മുതലയാവയുമായി ബന്ധപ്പെട്ടതാണ് പുതിയതായി പാസ്സാക്കിയ ബിൽ. ഇത് രാജ്യസഭ ഡിസംബർ 12ന് പാസ്സാക്കിയിരുന്നു. ലോക്സഭയും പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.