തിരുവനന്തപുരം: ഇന്ന് കാലിക്കറ്റ് സർവകലാശാല യോഗം ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം. സംഘപരിവാർ അനുകൂലികളായ സെനറ്റ് അംഗങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാലയിൽ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.അതേസമയം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. നവ കേരള സദസ്സിന് എതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് തലസ്ഥാനത്ത് കെഎസ്‌യുവിന്റെ മാർച്ച്. പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാന് എതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. രാവിലെ പത്തരക്കാണ് മാർച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ തലസ്ഥാനം യുദ്ധകളമായി മാറിയിരുന്നു. ഇത് കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.