പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ച ഇടശേരിമല പള്ളിയോടത്തിന് വിലക്ക്. വള്ളംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടം കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ഒന്നാം സ്ഥാനക്കാർക്ക് നൽകിയ ട്രോഫി തിരികെ വാങ്ങാനും അടുത്ത വർഷത്തെ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാനും തീരുമാനിച്ചത്. കൂടാതെ, വിജയിച്ച ടീമിനുള്ള ഗ്രാന്‍റും നൽകേണ്ടെന്നും പള്ളിയോടം സേവാ സമിതി തീരുമാനിച്ചു.
ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ നാട്ടുകാർ തന്നെ പള്ളിയോടങ്ങൾ തുഴയണമെന്നാണ് പ്രധാന നിബന്ധന. 52 കരകളിൽപ്പെട്ടവർ തുഴയണമെന്ന നിബന്ധനക്ക് വിരുദ്ധമായി
ഇടശേരിമല പള്ളിയോടത്തിൽ പടിഞ്ഞാറൻ മേഖലയിൽ നിന്നെത്തിയവർ തുഴഞ്ഞുവെന്നാണ് കണ്ടെത്തൽ. എ ബാച്ച് പള്ളിയോടമാണ് ഇടശേരിമല പള്ളിയോടം.
ചെറുകോൽ, പുതുക്കുളങ്ങര, പ്രയാർ, അയിരൂർ, മേലുകര പള്ളിയോടങ്ങൾക്കെതിരെയും നടപടിയുണ്ട്. വള്ളംകളി മത്സരത്തിന് തടസമുണ്ടാക്കിയതിനും മത്സരിക്കുന്ന മൂന്ന് പള്ളിയോടങ്ങൾക്കൊപ്പം കടന്നുകയറി തുഴഞ്ഞെന്നാണ് കണ്ടെത്തൽ. ചെറുകോൽ, പുതുക്കുളങ്ങര, പ്രയാർ, അയിരൂർ പള്ളിയോടങ്ങളുടെ 50,000 രൂപ വീതവും മേലുകരയുടെ 25,000 രൂപയും ഗ്രാന്‍റും നൽകില്ല.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാ നദിയിൽ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് വള്ളംകളി. നാലാം നൂറ്റാണ്ട് മുതൽ നടന്നു വരുന്ന വള്ളംകളിയിൽ 52 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്.
Read more- നവ കേരള സദസിന് ക്ഷേത്ര മൈതാനങ്ങൾ വേദിയാക്കരുതെന്ന ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും