കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനോനില തെറ്റിയ സാഡിസ്റ്റാണ് പിണറായി വിജയനെന്ന് സതീശൻ വിമർശിച്ചു. നവകേരള സദസ്സിലായതിനാൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക് മരുന്നുകൾ നൽകാൻ മന്ത്രിമാർ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി ക്രിമിനലുകളെയാണ് കൊണ്ടു നടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പ്രതിപക്ഷത്തേയും നിർബന്ധിതരാക്കരുത്. പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം ഇക്കാര്യത്തിൽ സംയമനം പാലിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ എക്കാലത്തും പിണറായി വിജയൻ ഉണ്ടാവുമെന്ന് പൊലീസുകാർ കരുതേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലുന്ന പൊലീസുകാരെ പ്രതിരോധിക്കാനുള്ള കോൺഗ്രസുകാർ ഇവിടെയുണ്ട്. ആരാന്റെ മക്കളെ റോഡിലിട്ട് തല്ലുമ്പോൾ മുഖ്യമന്ത്രി ആനന്ദിക്കുകയാണ്. വിദ്യാർഥികളെ മർദിച്ചത് ആരാണെന്ന് അറിയാമെന്നും വി.ഡി.സതീശൻ.