ഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് ബി.ജെ.പി. പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ തൃണമൂലിനേയും ഇന്ത്യ മുന്നണിയേയുമാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്.
അതേസമയം, മൈസൂരുവിലെ ബി.ജെ.പി. എം.പി പ്രതാപ് സിംഹയുടെ സന്ദർശക പാസിലാണ് അക്രമികളിൽ രണ്ടുപേർ പാർലമെന്റിൽ പ്രവേശിച്ചത്. ഇത് പ്രതിപക്ഷം ബി.ജെ.പിക്കെതിരേ ശക്തമായ ആയുധമാക്കുന്നതിനിടെ, പ്രതിരോധമെന്നോണമാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം പ്രതികളിൽ ഒരാൾ നിൽക്കുന്ന ഫോട്ടോ ബി.ജെ.പി. പങ്കുവെച്ചത്.
ബംഗാൾ ബി.ജെ.പി. അധ്യക്ഷൻ ഡോ. സുഖന്തോ മജുംദാർ ആണ് ചിത്രം പങ്കുവെച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയിയുടെ കൂടെ ഝാ നിൽക്കുന്ന ചിത്രത്തോടൊപ്പം, ഈ തെളിവു മതി എന്ന കുറിപ്പും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ അടക്കം ഈ ആരോപണം ഏറ്റുപിടിക്കുകയും ചെയ്തു.