മസ്കറ്റ്: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഒമാൻ ടീമിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിലാണ് ‘റെഡ് വാരിയേഴ്സിന്റെ’ പരിശീലനം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിലുള്ള കളിക്കാരെല്ലാം ക്യാമ്പിൽ എത്തിയിട്ടുണ്ട്. നാല് ദിവസത്തെ പരിശീലനത്തിന് ശേഷം ടീം 15ന് യു.എ.ഇയിലേക്ക് തിരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം കോച്ച് പ്രഖ്യാപിച്ച സ്ക്വാഡ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ ടീമിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
അബ്ദുൽ അസീസ് അൽ ഗൈലാനി, അർഷാദ് അൽ അലാവി, അബ്ദുല്ല അൽ മുഷൈഫ്രി എന്നിവരാണ് ടീമിൽ ഇടം പിടിച്ച പുതുമുഖങ്ങൾ. സീബിന്റെ സ്ട്രൈക്കർ അബ്ദുൽ അസീസ് അൽ മഖ്ബലിയെ ടീമിൽ ഉൾപ്പെടുത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുതിയ സ്ക്വാഡിൽ മഖ്ബലിയില്ല.