ഗവർണർണർക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐയെ കൈയ്യൊഴിയാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം..
ഗവർണർക്കെതിരെയുളള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുളളതല്ല. എസ്എഫ്ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകു.ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടൊ?മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്.ഗവർണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകുകയുളളു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്.പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി.
അതേ സമയം, എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വൽക്കരണത്തെ ചെറുക്കുകയാണ്. എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു.
സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു.
പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി. പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു. ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി.