കോട്ടയം : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. കോട്ടയം മാമൻമാപ്പിള ഹാളിൽ ചേർന്ന അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാനകാല ഇടതുപക്ഷത്തിന്റെ കടമ എന്തെന്ന് മനസിലാക്കി പ്രവർത്തിച്ച നേതാവായിരുന്നു കാനം. രാജ്യത്ത് ഇടതു പ്രസ്ഥാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ ശക്തനായ അമരക്കാരനെയാണ് നഷ്ടമായത്. ഇത് കനത്ത ആഘാതമാണെങ്കിലും കാനത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടു പോകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാനം ഒരു പടനായകനായിരുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ കർമഭടനായ കാനം ഇടതുനിലപാട് സൗമ്യവും തീഷ്ണവുമായും വ്യക്തതയോടെ സമൂഹത്തിൽ എത്തിക്കാൻ ശ്രമിച്ചെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അനുസ്മരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. അഡ്വ.വി.ബി.ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു.