തിരുവനന്തപുരം: സ്ത്രീധന തർക്കത്തിന്റെപേരിൽ യുവ വനിതാ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി റുവൈസിന്റെ പിതാവും രണ്ടാം പ്രതിയുമായ കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണം കാര്യമായി നടക്കുന്നുണ്ടെങ്കിലും ഇയാൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയിൽ റുവൈസിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയതോടെ ഇയാൾ വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ഉപയോഗിക്കുന്ന ഫോൺ കൊണ്ട് പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നതായാണ് സൂചന. അതിനിടെ അബ്ദുൽ റഷീദിനും മറ്റുള്ളവർക്കും രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. റഷീദിനെതിരെ നിർണായ തെളിവുകൾ കിട്ടിയെങ്കിലും അത് മറച്ചുവയ്ക്കുന്ന നിലപാടാണ് ആദ്യം പൊലീസ് സ്വീകരിച്ചത്. ഇത് പ്രതിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
ഷഹനയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയതിനാണ് റഷീദിനെ പ്രതിയാക്കിയത്. റുവൈസിന്റെ കൂടുതൽ ബന്ധുക്കൾ പ്രതികളാകുമോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. പൊലീസിന് സംശയമുള്ളതും അല്ലാത്തതുമായ ബന്ധുക്കളുടെ വീടുകളിലും സ്പെഷ്യൽ ബ്രാഞ്ച് സംഘത്തിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുകയാണ്.റിമാൻഡിലായ ഒന്നാം പ്രതി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളേജ് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്കു നിർദ്ദേശം നൽകി.
റുവൈസിനെ അന്നുതന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കലും കൂടുതൽ ചോദ്യം ചെയ്യലുമുണ്ടാകും.ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും ചില ചടങ്ങുകൾ നടന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതിലെ വരികളുടെയും പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും പിതാവിനെയും പ്രതികളാക്കിയത്.