ദോഹ: ഖിഫ് ഫുട്ബാൾ;തൃശൂരും കോഴിക്കോടും ഫൈനലിൽ… രണ്ടാം സെമിയിൽ മലപ്പുറത്തെ സഡൻ ഡെത്തിൽ വീഴ്ത്തി കോഴിക്കോട് ഫൈനലിൽ എത്തി … ഫുൾടൈമും എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്നിട്ടും വിജയികളെ നിർണയിക്കാനാവാതെ സഡൻ ഡെത്തിന്റെ ഭാഗ്യപരീക്ഷണത്തിലേക്ക് നീങ്ങിയ അങ്കത്തിനൊടുവിൽ ഫ്രൻഡ്സ് ഓഫ് കോഴിക്കോട് (ഫോക്) ഖിഫ് അന്തർ ജില്ല ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. അവധി ദിനമായ വെള്ളിയാഴ്ച ആരാധകരാൽ നിറഞ്ഞ ദോഹ സ്റ്റേഡിയത്തിൽ ഉശിരൻ പോരാട്ടത്തിനൊടുവിലായിരുന്നു കെ.എം.സി.സി മലപ്പുറത്തെ വീഴ്ത്തി ‘ഫോക് കോഴിക്കോട്’ ഫൈനലിൽ ഇടം പിടിച്ചത്.
രണ്ടാം സെമി ഫൈനൽ മത്സരത്തിന്റെ ഫുൾ ടൈമിലും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ അങ്കം പെനാൽറ്റി ഷൂട്ടൗട്ടിലെത്തി. അവിടേയും ഇരുവരും തുല്യതപാലിച്ചു. 5-5ന് ഒപ്പത്തിനൊപ്പമായതോടെ വിധിനിർണയം സഡൻ ഡെത്തിലേക്ക് നീങ്ങി. ഇവിടെ ഫോക്കിന്റെ ആദ്യ കിക്ക് ലക്ഷ്യത്തിലെത്തുകയും മലപ്പുറത്തിന് പിഴക്കുകയും ചെയ്തതോടെ വിധി നിർണയിക്കപ്പെട്ടു. ഫോക്കിന്റെ ഹാദിയാണ് കളിയിലെ കേമൻ.
ഡിസംബർ 15ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഫോക് കോഴിക്കോടും തൃശൂർ ജില്ല സൗഹൃദവേദിയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ കെ.എം.സി.സി പാലക്കാടിനെയാണ് തൃശൂർ തോൽപിച്ചത്.