ഹൈദരാബാദ്: അധികാരത്തിലേറിയതോടെ സ്വപ്ന പദ്ധതികൾക്ക് തുടക്കമിട്ട് തെലങ്കാന സർക്കാർ…. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര നൽകുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സർക്കാർ. തെലങ്കാന ഗതാഗത വകുപ്പാണ് തെരഞ്ഞെടുപ്പുവേളയിൽ പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളിൽ ഒന്നായ മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോൺഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്‍റികൾക്കും രേവന്ത് റെഡ്ഡി അംഗീകാരം നൽകിയിരുന്നു.
സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെയാണ് കോൺഗ്രസ് സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന മഹാലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. മഹാലക്ഷ്മി യോജന പ്രകാരം സൗജന്യയാത്രയോടൊപ്പം സ്ത്രീകൾക്ക് മാസം 2500 രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ ഒമ്പത് മുതൽ തെലങ്കാനയിൽ മഹാലക്ഷ്മി പദ്ധതി പ്രാബല്യത്തിൽ വരും.
സ്ത്രീകൾ സഞ്ചരിക്കുന്ന ദൂരത്തിന് അനുയോജ്യമായ നിരക്ക് സർക്കാർ ഗതാഗത വകുപ്പിന് നൽകും. മഹാലക്ഷ്മി പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും വിശദ നിർദേശങ്ങൾ നൽകുന്നതിനും തെലങ്കാന എസ്.ആർ.ടി.സിയുടെ വൈസ് ചെയർമാനെയും മാനേജിങ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.