ശ്രീധരൻ കടലായിൽ
കാലു കൊണ്ട് കളിക്കുന്ന വോളിബാൾ കണ്ടിട്ടുണ്ടോ.. ഏഷ്യൻ ഗെയിംസിൽ മത്സര ഇനമായ സെപക് താക്രോ എന്ന കളി കേരളത്തിലും പ്രചാരം നേടുകയാണ്.ഷട്ടിൽ കോർട്ടിൽ കാലും തലയും നെഞ്ചും ഉപയോഗിച്ച് കളിക്കുന്ന വോളിബാൾ അഥവാ കിക്ക് വോളിബാൾ എന്ന് സെപക് താക്രോയെ വിശേഷിപ്പിക്കാം. വോളി ബോളിലെ പോലെ മൂന്ന് ടച്ചിനകം പന്ത് മറുഭാഗത്ത് എത്തിക്കണം. കൈ ഉപയോഗിക്കാൻ പാടില്ല. ഒരു ടീമിന് തുടർച്ചയായി മൂന്ന് സെർവ്വിസ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു ടീമിൽ 15 പേർ ഉണ്ടാകുമെങ്കിലും ഒരു സമയം 3 പേരിൽ കൂടുതൽ കളത്തിൽ ഇറങ്ങാൻ പാടില്ല.കൂടുതൽ കായികഭ്യാസം ആവശ്യപ്പെടുന്ന ഈ കളി കുട്ടികൾക്ക് ഇടയിൽ ആവേശമാവുകയാണ്.
മലേഷ്യയുടെ ദേശീയ വിനോദമായ ഈ മത്സരം അടുത്ത ഒളിമ്പിക്സിൽ പ്രദർശന ഇനമാകുമെന്ന് സെപക് താക്രോ യുടെ തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക ദേശീയ കോച്ച് പ്രേംകൃഷ്ണൻ പറഞ്ഞു.ഒക്ടോബർ 14,15 തീയതികളിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയ ത്തിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ് കളിയെ കൂടുതൽ ജനകീയമാക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.