ശ്രീധരൻ കടലായിൽ
പരമ്പരാഗതമായ കാർഷിക ആചാരങ്ങളുടെ ഭാഗമായുള്ള പോത്തോട്ടോണം കൗതുക കാഴ്ചയാണ്.നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് ദോഷങ്ങളില്ലാതിരിക്കാനുമാണ് ക്ഷേത്രങ്ങളിൽ പോത്തോട്ടോണം നടത്തുന്നത് എന്നാണ് വിശ്വാസം.കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടോണങ്ങളിലൊന്നാണ് ഇരിഞ്ഞാലക്കുട കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവിലേത്. ചിട്ടയായി ഏഴു ദിവസം വ്രതം എടുത്തതിന് ശേഷം വിവിധ ദേശങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്ന കര്‍ഷകര്‍ പോത്തുകളുമായി ദേവിക്ക് മുന്നില്‍ ആര്‍ത്തോട്ടം നടത്തും. അതിന് ശേഷമാണ് പോത്തോട്ടം. ക്ഷേത്രത്തിലെ പാരമ്പര്യമായുള്ള പോത്തോട്ടക്കല്ലില്‍ വയ്ക്കുന്ന നെല്ലിന്‍ കറ്റക്ക് മുകളിലിരുന്ന് ചടങ്ങുകളുടെ അവകാശിയായ വള്ളുവോന്‍ കല്പന നൽകും. പോത്തുകളെ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണംവെപ്പിച്ച് ശക്തി തെളിയിക്കും. ഉരുക്കളെയും, ദേശക്കാരെയും ഇളനീരും പൂവും, നെല്ലുമെറിഞ്ഞ് വള്ളുവോന്‍ അനുഗ്രഹിക്കും.തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട്, ഉരുക്കളുടെ ശക്തി, ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമാവും.
ചില ഇടങ്ങളിൽ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന പതിവുമുണ്ട്. സന്തോഷ സൂചകമായി പാടുന്ന പ്രശ്‌നവും പരിഹാരവും ഉള്‍ക്കൊള്ളുന്ന ഗ്രാമീണ ഗാനങ്ങൾക്ക് ചെണ്ടയും മരവും പറയും ചെറുകുഴലും വാദ്യങ്ങളാകുന്നു.തട്ടക ദേശങ്ങളില്‍ നിന്നുള്ള പോത്തുകളാണ് ചടങ്ങില്‍ പങ്കെടുക്കുക. എല്ലാ ദേശക്കാര്‍ക്കും ക്ഷേത്രത്തില്‍ നിന്ന് പുടവയും പണവും നല്‍കും.