കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടർ ഇ.എ റുവൈസിന്റെ മൊബെൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹന അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. റുവെെസിന്റെ മൊബെെൽ ഫോൺ പിടിച്ചെടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇവർ തമ്മിൽ സ്ത്രീധനത്തെക്കുറിച്ച് അയച്ച ചില സന്ദേശങ്ങളായിരിക്കാം ഡിലീറ്റ് ചെയ്തിരിക്കുകയെന്നാണ് സംശയം. ഫോൺ വിശദമായ സെെബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. കേസുെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനോ ഒളിവിൽ പോകാനോ ഉള്ള സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് ഇന്നലെ ഉച്ചമുതൽ റുവെെസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഷഹനയും റുവെെസും വളരെ കാലമായി അടുപ്പത്തിലായിരുന്നു. കേരളത്തിന് അകത്തും പുറത്തും ഒരുമിച്ച് ഇവർ യാത്ര ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒപ്പം ഇരുവരുടെയും സുഹൃത്തുക്കളുടെ മൊഴിയും നിർണായകമാകും.
കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവെെസിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവെെസിനെ തെരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” എന്ന് കുറിപ്പെഴുതിയ ശേഷമാണ് ഡോ.ഷഹന മരണത്തിന് കീഴടങ്ങിയത്. ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കൽ വിദ്യാർത്ഥിയായ ഇ.എ റുവൈസും കുടുംബവും താങ്ങാനാവാത്ത സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് വിവാഹം മുടങ്ങിയതാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.