തിരുവനന്തപുരം: സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തിയതായി മരിച്ച ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ്. കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്, അച്ഛനെ എതിർക്കാനാവില്ലെന്ന് റുവൈസ് പറഞ്ഞതായും നാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
‘നവംബറിലാണ് റുവൈസിന്റെ വീട്ടുകാർ വിവാഹാലോചനയുമായി വീട്ടിൽ വരുന്നത്. ഞങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീധനം റുവൈസിന്റെ പിതാവിന് മതിയാവില്ല എന്ന് ആദ്യമേ തോന്നിയിരുന്നു. അന്വേഷിച്ചപ്പോൾ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു. അനിയത്തിയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. പക്ഷേ അയാളോടുള്ള സ്നേഹം കാരണം അവൾ പിന്മാറിയില്ല.’
‘സ്ത്രീധനം ഇത്രയൊന്നും പോരാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു റുവൈസിന്റെ പിതാവ്. മകൻ വഴിയാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. റുവൈസ് തയ്യാറായിരുന്നെങ്കിൽ അവരുടെ രജിസ്റ്റർ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. പക്ഷേ അതിനും അയാൾ തയ്യാറായില്ല. പണമാണ് വലുത്, വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്നും റുവൈസ് പറഞ്ഞു. ഒരേ കോളേജിൽ പഠിക്കുന്നത് കാരണം റുവൈസിനെ എന്നും കാണേണ്ടി വരുന്നതും ഷഹനയ്‌ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഡിപ്രഷൻ സ്റ്റേജിലേയ്‌ക്കെത്തിയ അവളെ കുറച്ച് ദിവസം വീട്ടിൽ കൊണ്ട് നിർത്തി. പിന്നീട് തിരിച്ച് പോയിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ‘- നാസ് വ്യക്തമാക്കി.
അതേസമയം, ഷഹനയുടെ ആത്മഹത്യയിൽ പ്രതികരണവുമായി പഞ്ചായത്തംഗം അഡ്വ. സുധീർ വെഞ്ഞാറമൂട് രംഗത്തെത്തി. ‘വിവാഹ വാഗ്ദാനം നൽകിയ ശേഷം റുവൈസ് പിന്മാറി. ഷഹന മാനസികമായി വളരെയധികം തകർന്നിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറിയ ശേഷം ഷഹനയെ പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു. അതിന്റെ നിജസ്ഥിതി ഉൾപ്പെടെ അന്വേഷിക്കണം.’- സുധീർ പരഞ്ഞു.