മലപ്പുറം: കോട്ടക്കലിൽ ഒരാഴ്ചയ്ക്കിടെ പലയിടങ്ങളിലായി നടന്നത്നി നിരവധി മോഷണങ്ങൾ. മോഷ്ടാവിനെ ഇതുവരെയും പിടികൂടാനായില്ല. ഒരാഴ്ചക്കിടെ കോട്ടക്കൽ മേഖലയിൽ ചെറുതും വലുതുമായ മോഷണവും മോഷണശ്രമങ്ങളുമാണ് നടക്കുന്നത്. നഗരമധ്യത്തിലെ വസ്ത്രാലയത്തിലായിരുന്നു ആദ്യമോഷണം നടന്നത്. ഇവിടെ നിന്നും ഒന്നരലക്ഷം രൂപയുടെ വസ്ത്രങ്ങൾ മോഷണം പോയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപനത്തിൽ വിശദ പരിശോധന നടത്തി സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്നും മുഖം മറച്ചയാളാണ് മോഷണം നടത്തിയത് കണ്ടെത്തിയിരുന്നു. പിന്നീട് രണ്ടു ദിവസത്തിനുശേഷം ചങ്കുവെട്ടി ഔഷധോദ്യാനത്തിന് സമീപമുള്ള മരുന്നുകടയിലും മോഷണം നടന്നതായി പരാതി ലഭിച്ചിരുന്നു. ഇവിടെനിന്ന് പണമാണ് നഷ്ടമായത്. മുഖംമൂടി ധരിച്ചയാളാണ് ഇവിടെയും മോഷണം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഒതുക്കുങ്ങലിലെ ലാബിലും മോഷണശ്രമം നടന്നിരുന്നു. ഇവിടെയുള്ള നിരീക്ഷണ കാമറയിൽ ആയുധവുമായി മുഖം ധരിച്ചയാൾ ബനിയനും ജീൻസും ധരിച്ച് ബാഗുമായി വരുന്നതും ശ്രമം നടത്തുന്നതും വ്യക്തമാണ്. മോഷ്ടാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി നാട്ടുകാർ പ്രചരിപ്പിച്ചിരുന്നു. ഉടമകളുടെ പരാതിയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, വസ്ത്രാലയത്തിലും മരുന്നു ഷോപ്പിലും മോഷണം നടത്തിയത് രണ്ട് പേരാണെന്നാണ് പോലീസ് പറയുന്നത്. ഈ ദിവസങ്ങളിൽ തന്നെ കോട്ടക്കൽ പൂഴിക്കുന്ന് പാടത്തിന് സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ട രണ്ട് വലിയ കന്നുകാലികളെ മോഷ്ടിച്ച് കൊണ്ടുപോയെന്നുള്ള പരാതിയും വന്നിരുന്നു. രണ്ടര ലക്ഷത്തോളം രൂപയുടെ കന്നുകാളികളെയാണ് മോഷടിച്ചതെന്ന് ഉടമകൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.