പാർലമെന്റിൽ ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാർ നടത്തിയ ഗോമൂത്ര പരാമർശത്തിൽ വിവാദം കനക്കുന്നു. ഇതേതുടർന്ന് ഇന്ന് ലോക്‌സഭയിൽ വലിയ ബഹളമാണ് നടന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ ‘ഗോമൂത്ര സംസ്ഥാനങ്ങൾ’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് സെന്തിൽ കുമാർ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി രംഗത്തുവന്നു. രാജ്യത്തെ ജനങ്ങൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങൾ ഡിഎംകെയ്ക്ക് ഉടൻ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.