ഡൽഹി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി നടന്നതായി സംശയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്.. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് കൊണ്ടാണ് ആരോപണം…മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. ഈ വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയാണെന്നും എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിച്ചു. പോസ്റ്റൽ ബാലറ്റ് കണക്കുകൾ നിരത്തിയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ ആരോപണം.
2003 മുതൽ താൻ ഇവിഎമ്മിന് എതിരാണ്. ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കുന്നത് തടയണം. രാഷ്ട്രീയപാർട്ടികൾ വിഷയം ഗൗരവത്തോടെ എടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനും, സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോൺഗ്രസിന്റെ നേതൃത്വം മാറുന്നില്ലെന്നാണ് സൂചന. കമൽനാഥിന്റെ നേതൃത്വത്തിൽ തന്നെ കോൺഗ്രസ് മുന്നോട്ട് പോവുമെന്നാണ് തീരുമാനം. അതേസമയം, ബിജെപി മുഖ്യമന്ത്രിയായി ശിവരാജ് ചൗഹാൻ തന്നെ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്.