കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ ‘പോക്കിമോൻ’ സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.
പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഗെയിമിൽ വ്യാപൃതരാകുന്നത് മൂലം കുട്ടികൾ പഠനത്തിൽ പിന്നോട്ടുപോകാനുള്ള പ്രവണതയുള്ളതായും ഇതിൽ പറയുന്നുണ്ട്. പഠനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന പല കുട്ടികളും ഗെയിമുകൾക്ക് അടിമകളായി പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
10 മുതൽ 500 രൂപ വരെയുള്ള പോക്കിമോൻ കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ കളിക്കുന്നത്. സ്‌കൂൾ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലുമാണ് കുട്ടികൾ കൂടുതലായും ഗെയിമിൽ ഏർപ്പെടുന്നത്. രക്ഷിതാക്കളിൽ നിന്ന് സ്‌കൂളിലെ ആവശ്യത്തിന് എന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കാർഡ് വാങ്ങാൻ പണം കണ്ടെത്തുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓൺലൈനായി ഓർഡർ ചെയ്തും സ്‌കൂളിനടുത്ത പെട്ടിക്കടകളിൽ നിന്നുമാണ് കാർഡുകൾ തരപ്പെടുത്തുന്നത്.