തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ നാലാം വാർഡിൽ മുള്ളംകുഴിയിൽ ക്രിമറ്റോറിയം നിർമ്മിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ഗ്രാമസഭ നടന്നത് പോലീസ് കാവലിൽ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ നിർമ്മാണ പ്രവർത്തനം അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് പ്രദേശവാസികൾ.
അരിമ്പൂർ മുള്ളംകുഴിയിൽ കാൽ നൂറ്റാണ്ട് മുമ്പ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചു. ശ്മശാന ഭൂമിയായി കിടന്നിരുന്ന 55 സെന്റ് സ്ഥലത്തിൽ നിന്ന് 15 സെന്റ് സ്ഥലം വിട്ടു നൽകി മൃഗാശുപത്രി പണിതു. പരയ്ക്കാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ജലക്ഷാമം തീർക്കാനായി ഇതിനു സമീപത്ത് ആരംഭിച്ചു. ജൽ ജീവൻ മിഷന്റെ ഭാഗമായി കുടിവെള്ള ക്ഷാമം തീർക്കാൻ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണവും പ്രദേശത്ത് നടക്കുന്നുണ്ട്. വിജനമായി കിടന്നിരുന്ന പ്രദേശത്ത് ഇപ്പോൾ വീടുകൾ നിറഞ്ഞു. ഇപ്പോൾ 610 വീടുകൾ നാലാം വാർഡിൽ മാത്രമുണ്ട്.
2019 ൽ ഈ പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമ്മാർജന കേന്ദ്രം തുടങ്ങാൻ ശ്രമം നടത്തിയപ്പോൾ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പിന്നീടത് വെളുത്തൂരിൽ ആരംഭിച്ചു. വീണ്ടും മുള്ളംകുഴിയിൽ ക്രിമറ്റോറിയം നിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി ശ്രമങ്ങൾ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത്.
അരിമ്പൂർ ഗവ. യു പി. സ്കൂളിൽ നടന്ന ഗ്രാമസഭയിൽ 236 പേർ പങ്കെടുത്തു. ജനവാസ മേഖലയിൽ നിന്ന് കോൾപ്പാടത്തിന് സമീപത്ത് സ്ഥലം കണ്ടെത്തി പദ്ധതി അങ്ങോട്ട് മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മുൻ കാലങ്ങളിൽ മൃതദേഹങ്ങൾ മറവു ചെയ്തതിന്റെ ഫലമായി പ്രദേശത്തെ കിണറുകൾ മലിനമായതിനെ തുടർന്ന് 20 വർഷത്തിനിടെ 15 പേർ കാൻസർ ബാധിച്ചു മരിച്ചതായും ഇതിനിരട്ടിയോളം പേർ അസുഖ ബാധിതരാണെന്നും ചൂണ്ടിക്കാട്ടി. സമീപത്തെ മൂന്നാം വാർഡിലുള്ളരെയും ക്രിമറ്റോറിയം വന്നാൽ ബാധിക്കുമെന്നും ഇവർ പറഞ്ഞു.
ക്രിമറ്റോറിയത്തിനായി മറ്റു പ്രദേശങ്ങൾ കണ്ടെത്തിയെങ്കിലും മുള്ളംകുഴി ശ്മശാന ഭൂമി എന്ന് രേഖകളിൽ ഉള്ളതിനാൽ മറ്റിടത്ത് ക്രിമറ്റോറിയം പണിയാൻ സാങ്കേതിക തടസമുള്ളതാണ് ഇവിടെ നിർമ്മാണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നടത്താൻ ഇടയാക്കിയതെന്ന് അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ് പറഞ്ഞു.