തൃശ്ശൂര്‍ : രാജസ്ഥാനിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണം അവരുടെ തന്നെ അത്യാര്‍ത്തിയാണെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജസ്ഥാനിൽ കൂടെക്കൂട്ടാൻ പറ്റുന്നവരെയൊന്നും കോൺഗ്രസ് ഒപ്പം ചേർത്തില്ല. താൻ പ്രമാണിത്ത ചിന്ത കാരണം അത് നടന്നില്ലെന്നും സിപിഎം സ്ഥാനാര്‍ത്ഥികൾ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന്റെ കാരണവും കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു… നവകേരള സദസ്സിൽ തൃശ്ശൂര്‍ വടക്കഞ്ചേരി മണ്ഡലത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം…
വലിയ വർഗീയത പ്രചരിപ്പിക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന് എന്താ വ്യത്യാസമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ സേവകനാണെന്ന് പറഞ്ഞ് കമൽനാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമൽനാഥ് ശ്രമിച്ചത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോൺഗ്രസ് നിലനിൽക്കണം എന്നാണ് ആഗ്രഹം. രാജസ്ഥാനിലെ സിപിഎമ്മിന്റെ പരാജയം കോൺഗ്രസ് കാരണം സംഭവിച്ചതാണ്. ചില്ലറ വോട്ടിനാണ് തോറ്റത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന സമീപനമായിരുന്നു കോൺഗ്രസിന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ അത്യാര്‍ത്തിയാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
നവ കേരള സദസ്സിനെത്തുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാണാത്തവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആർക്കും എതിരല്ല, എല്ലാവരെയും ഉൾക്കൊളളുന്നതാണ്. എന്തിനാണ് ബഹിഷ്കരിച്ചതെന്ന് അവരിൽ ചിലർക്ക് പോലും അറിയില്ല. എൽഡിഎഫ് സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയെന്ന ആരോപണമുണ്ട്. ജില്ലാ കൗൺസിൽ പിരിച്ചു വിട്ടവരാണ് ഈ ആരോപണത്തിന് പിന്നിൽ. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രഫണ്ട് നൽകാത്തതിനെക്കുറിച്ച് പ്രതിപക്ഷം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.