5 സംസ്ഥാനങ്ങളിൽ നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 2024 ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാവി നിശ്ചയിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ നിർണായകമാണ്..
രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ ഒമ്പത് മണിയോടെ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 119 സീറ്റുകളിലെയും ഫലമാണ് ഇന്ന് അറിയാനാകുക. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തുടർച്ച തേടുമ്പോൾ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. തെലങ്കാനയിലാകട്ടെ ബി ആർ എസിന്‍റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയിൽ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്കും മുൻതൂക്കം നൽകുന്നു. എന്നാൽ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്.