ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചതിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ടായിരുന്നു. അടുത്തിടെയുള്ള പറമ്പരകളിലൊന്നും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കാത്തതിനാൽ. സഞ്ജുവിന്റെ ബിസിസിഐയുടെ പട്ടികയിലേക്കുള്ള വരവ് അത്ഭുതകരമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. കഴിഞ്ഞ തവണ പര്യടനം നടത്തിയപ്പോള്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്യേഴ്‌സ് സഞ്ജുവിന്റെ കാര്യത്തില്‍ പ്രവചനം നടത്തിയിരിക്കുകയാണ്. സഞ്ജു ദക്ഷിണാഫ്രിക്കയില്‍ തിളങ്ങുമെന്ന് ഡിവില്യേഴ്‌സ് പറയുന്നു. താരത്തിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
ലോകകപ്പും, ഏഷ്യാ കപ്പും അടക്കം സഞ്ജുവിന് കളിക്കാനായിരുന്നില്ല. അതുകൊണ്ട് സഞ്ജുവിന്റെ ആരാധകര്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിക്കുകയാണ്. നേരത്തെ ബിസിസിഐക്ക് അടക്കം ഇവര്‍ അഭിനന്ദനം അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഡിവില്യേഴ്‌സ് സഞ്ജുവിന്റെ മികവ് എടുത്ത് കാണിച്ചിരിക്കുന്നത്. സഞ്ജുവിന്റെ സാങ്കേതിക വിദ്യ മികവുറ്റതാണെന്നും, ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ പൊരുത്തപ്പെട്ട് കളിക്കാന്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി കൊണ്ട് സാധിക്കുമെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. സഞ്ജു ഇന്ത്യന്‍ ടീമിലെത്തി കാണുന്നത് തന്നെ മികച്ച കാഴ്ച്ചയാണ്. ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകള്‍ സഞ്ജുവിന് തിളങ്ങാന്‍ പറ്റുന്നതാണ്. തീര്‍ച്ചയായും അത് അദ്ദേഹം ആസ്വദിക്കുമെന്ന് ഉറപ്പാണ്. ബാറ്റ് ചെയ്യുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ സഞ്ജു ദക്ഷിണാഫ്രിക്കയില്‍ പുറത്തെടുക്കും. കുറച്ച് ബൗണ്‍സും സ്വിംഗുമെല്ലാം പിച്ചില്‍ ഉണ്ടാവും. ഇന്ത്യന്‍ നിരയിലെ എല്ലാ ബാറ്റ്‌സ്മാന്‍മാരും ഇത്തരം പിച്ചില്‍ പരീക്ഷിക്കപെടുമെന്ന് ഡിവില്യേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സഞ്ജുവിനെ പോലൊരു താരത്തിന് ആ പ്രശ്‌നമുണ്ടാവില്ല. നല്ല രീതിയില്‍ സഞ്ജു ബാറ്റ് ചെയ്യുമെന്ന് കരുതുന്നതായും ഡിവില്യേഴ്‌സ് പറഞ്ഞു. അതുപോലെ വിക്കറ്റ് കീപ്പിംഗിലും ഇന്ത്യക്ക് നല്ലൊരു ഓപ്ഷനാണ് സഞ്ജുവെന്നും ഡിവില്യേഴ്‌സ് വ്യക്തമാക്കി.