ഐസ്വാൾ: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി മാറ്റിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് ഡിസംബർ മൂന്നായിരുന്നു. ഇപ്പോൾ അത് ഡിസംബർ നാലിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ച ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്‌ച വോട്ടെണ്ണൽ നടത്തുന്നതിൽ ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തെ നിരവധി ക്രൈസ്‌തവ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മിസോറാം എൻ.ജി.ഒ കോർഡിനേഷൻ കമ്മിറ്റി (എൻ.ജി.ഒ.സി.സി) പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. തുടർന്ന്
വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മുൻപ് നിശ്ചയിച്ചപ്രകാരം നടക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.