കണ്ണൂർ: വയനാട് എം പി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർക്ക് തുടർച്ചയായ ഡ്യൂട്ടിയെന്ന് ആരോപണം. 50 മണിക്കൂറോളമാണ് ഇവർ തുടർച്ചയായി ഡ്യൂട്ടി ചെയ്തത്… പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് കാരണം.
രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹത്തിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നത് 40 പൊലീസുകാർ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡ്യൂട്ടിക്ക് കയറിയവരാണിവർ. പിന്നീട് ധരിച്ച വസ്ത്രംപോലും മാറാൻ നേരം കിട്ടാത്ത പാച്ചിൽ ആയിരുന്നു.
വയനാട്ടിലും കണ്ണൂരിലും ഒരേ സംഘത്തെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് വേണ്ടി കണ്ണൂർ റേഞ്ച് ഡിഐജി നിയോഗിച്ചത്. ബുധനാഴ്ച രാവിലെ തന്നെ നാൽപതുപേരും സുരക്ഷാ ബ്രീഫിങ്ങിന് എത്തിയിരുന്നു.
അന്ന് ഉച്ചയ്ക്ക് നാടുകാണിയിൽ വച്ച് തുടങ്ങിയ അകമ്പടിയാണ്. ഇന്ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ്, മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിച്ച്, വിമാനം കയറ്റി, വിടുതൽ അറിയിപ്പ് വന്നാലെ, വയനാട്ടിലേക്ക് മടങ്ങാനാകൂ. അപ്പോഴേക്ക് ഡ്യൂട്ടി ടൈം അമ്പത് മണിക്കൂർ പിന്നിടുമെന്നാണ് പൊലീസുകാർ പറയുന്നത്. പതിവ് അനുസരിച്ച്, വയനാട് കണ്ണൂർ അതിർത്തിയായ ചന്ദനത്തോട് വരെ അകമ്പടി പോയാൽ മതി. മറിച്ചുള്ള തീരുമാനത്തിനെതിരെ പൊലീസുകാർക്കിടയിൽ അമർഷമുണ്ട്. പ്രയാസം അറിയിച്ചപ്പോൾ, പരിഗണിച്ചില്ലെന്നുമാണ് പൊലീസുകാരുടെ പരിഭവം. കണ്ണൂരിൽ പൊലീസുകാരുടെ കുറവുണ്ടെന്നായിരുന്നു ഇതിന് വിശദീകരണം….