തിരുവനന്തപുരം: സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചിരുന്ന വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ചിംഗ് പുനരാരംഭിക്കണണെന്ന് ആവശ്യം. 2020 ജൂലായിൽ ആരംഭിച്ച ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെ തുടർന്ന് 2022 ജൂലായിലാണ് നിറുത്തിവച്ചത്.
അതേസമയം തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് സേഫ്ടി കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭിച്ചെങ്കിലും നടപടികൾ വൈകുകയാണ്.
പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ കേരള മാരിടൈം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല. രണ്ടുവർഷം നടത്തിയ ക്രൂ ചെയ്ഞ്ചിംഗിന് മികച്ച പ്രതികരണമാണ് കപ്പൽ കമ്പനികളിൽ നിന്ന് ലഭിച്ചത്. ഇതുവരെ നടന്ന ക്രൂ ചെയ്ഞ്ചിംഗിൽ നിന്ന് 10 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് വരുമാനവും ലഭിച്ചു.
എന്നാൽ മികച്ച വരുമാന സാദ്ധ്യതയും വിഴിഞ്ഞത്തിന് അന്താരാഷ്ട്ര കപ്പൽ കമ്പനികളുടെ ഇടയിൽ പ്രചാരണം ലഭിക്കാനും സഹായിക്കുന്ന ക്രൂ ചെയ്ഞ്ചിംഗിനെ വേണ്ട ഗൗരവത്തിൽ കാണാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആക്ഷേപം. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിയാൽ ക്രൂ ചെയിഞ്ചിംഗ് പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. സംസ്ഥാന മാരിടൈം ബോർഡിന്റെ മേൽനോട്ടത്തിൽ കേരള സ്റ്റീമർ ഏജൻസ് അസോസിയേഷനാണ് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയിരുന്നത്.
മികച്ച നേട്ടം
2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി കപ്പൽ അടുത്തത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് ഷിപ്പിംഗ് ഏജൻസികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗിനായി കപ്പലുകൾ അടുപ്പിച്ചിരുന്നു. 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകിയിരുന്നു.