കൊച്ചി: എറണാകുളം മരടിൽ വർഷങ്ങളായി അടച്ചിട്ടവീട്ടിൽ ചോരക്കാൽപ്പാടും രക്തവും കണ്ടെത്തി. ദുരൂഹസംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മരട് ഉപാസന റോഡിലുള്ള സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലാണ് ദുരൂഹസംഭവം.
സമീപത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന യുവാക്കൾ തെറിച്ചുപോയ പന്തെടുക്കാൻ വീടിന്റെ കോമ്പൗണ്ടിൽ കയറിയപ്പോൾ വാതിലും ജനലും തുറന്നിട്ട നിലയിലായിരുന്നു. സംശയംതോന്നിയ ഇവർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ രക്തംതളം കെട്ടിനിൽക്കുന്നതും കാൽപ്പാദത്തിന്റെ ആകൃതിയിൽ ചോരക്കാൽപ്പാടുകളും കണ്ടത്. തുടർന്ന് കൺട്രോൾ റൂമിൽ അറിയിച്ചു. ഉടനെ മരട് പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരുമെത്തി സാമ്പിളുകൾ ശേഖരിച്ചു.
മോഷണശ്രമത്തിനിടെ പരിക്കേറ്റയാളുടെ ചോരയും കാൽപ്പാദങ്ങളുമായിരിക്കാമെന്നാണ് സംശയിക്കുന്നത്. മുറിവേറ്റ ഭാഗം കഴുകാൻ വീടിനുള്ളിലെ പൈപ്പുകൾ തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇയാൾ സമീപത്തെ വീട്ടിലെത്തി മുറിവേറ്റഭാഗം കഴുകിയശേഷം സ്ഥലം വിട്ടതായാണ് കരുതുന്നത്. പ്രദേശത്ത് സി.സി.ടിവി ഇല്ലാത്തതിനാൽ കാര്യമായ തുമ്പൊന്നും പൊലീസിന് കിട്ടിയിട്ടില്ല.
രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് സ്ഥിരം മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. സമീപത്തെ ആശുപത്രികളിലും മുറിവേറ്റ് എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
പത്തുവർഷത്തിനുമുമ്പ് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഏതാനും വർഷംമുമ്പ് വാടകയ്ക്കായി നൽകിയെങ്കിലും വൈകാതെ ഇവരും താമസം ഒഴിഞ്ഞു. വീട്ടുടമ വർഷങ്ങളായി ഡൽഹിയിലാണ്. നാളെ മരടിൽ എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇതുവരെ പരാതിയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ദുരൂഹസംഭവമായതിനാൽ മരട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങുകയായിരുന്നു. കൊച്ചി സിറ്റിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.