കോഴിക്കോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) അപകടത്തിൽ മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. താമരശ്ശേരി അൽഫോൺസാ സ്കൂളിൽ പൊതുദർശനത്തിനുവച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ളവരെത്തിയത്. കുസാറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സാറ തോമസ്.
അപകടത്തിൽ മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫിന്റെ സംസ്കാരവും ഉടൻ നടക്കും. മൃതദേഹം പാലക്കാട് മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ആൽവിൻ വിദ്യാർത്ഥിയല്ല.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20) എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. സിവിൽ എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അതുൽ തമ്പി. രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിനിയാണ് ആൻ റിഫ്റ്റ. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും നാലു പേരും മരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ് നിരവധി പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. പരിപാടി തുടങ്ങാനിരിക്കേ മഴ പെയ്തതോടെ പുറത്തുനിന്നെത്തിയവർ ഉൾപ്പെടെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് ദുരന്തത്തിന് കാരണമായത്.