കോട്ടയം: ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
യാത്ര ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് അജാസിനെതിരെയുളള പരാതി.കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്ര തിരിച്ച യുവതിക്കാണ് ബസിൽ ദുരനുഭവമുണ്ടായത്. ഒമ്പത് മാസം പ്രായമായ കുഞ്ഞും യുവതിക്കൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്തായിരുന്നു അതിക്രമം. സംഭവത്തിന് പിന്നാലെ പൊൻകുന്നത്തുവെച്ച് യുവതി ബസിൽ നിന്നിറങ്ങി മറ്റൊരു ബസിൽ കയറിയിരുന്നു.യുവതിയെ പിൻതുടർന്നെത്തിയ ഇയാളും അതേ ബസിൽ കയറുകയായിരുന്നു.
തുടർന്ന് പരാതിക്കാരി ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ യുവതി ഇവിടെയിറങ്ങി. പ്രതിയും കാഞ്ഞിരപ്പളളിയിൽ ഇറങ്ങുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കൾ അജാസിനെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.