ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ പടരുകയും ന്യുമോണിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധ തടയാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പൊതുജനാരോഗ്യം, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ എന്നിവ സംബന്ധിച്ച് ഉടനടി വിലയിരുത്തൽ നടത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മനുഷ്യവിഭവശേഷി, ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ, മെഡിക്കൽ ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ), ടെസ്റ്റിംഗ് കിറ്റുകൾ, ആശുപത്രികളിൽ രോഗം കണ്ടെത്തുന്നതിന് സഹായമായ വസ്‌തുക്കൾ എന്നിവയുടെ മതിയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഓക്സിജൻ പ്ലാന്റുകളുടെയും വെന്റിലേറ്ററുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുകയും അണുബാധകൾ പടരുന്നത് തടയാൻ പ്രോട്ടോക്കോളുകൾ സൂക്ഷ്മമായി അവലോകനം ചെയ്യുകയും വേണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നൽകി ചൈനയിൽ നിഗൂഢമായ ഒരു ന്യൂമോണിയ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുട്ടികളിലാണ് ഈ രോഗം വ്യാപകമാകുന്നത്. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. ചൈനയിൽ ഉത്ഭവിച്ച കൊവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
എന്നാൽ ശ്വാസകോശ രോഗങ്ങളിലും ന്യുമോണിയ ക്ലസ്റ്ററുകളിലും അസാധാരണമായി ഒന്നുമില്ലെന്നും പുതിയ രോഗാണുവിനെ കണ്ടെത്തിയിട്ടില്ലെന്നുമാണ് ചൈന വിശദീകരിക്കുന്നത്. ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.