കൊല്ലം: വന്ദേഭാരതിന്റെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്ന യാത്രാ ക്ളേശത്തോട് മുഖം തിരിച്ച് റെയിൽവേ. സ്ഥിരം യാത്രക്കാരാണ് റെയിൽവേയുടെ പിടിവാശിയിൽ പെരുവഴിയിലായത്.സമയക്രമം പാലിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.
ആലപ്പുഴയിൽ നിന്ന് എറണാകുളം വരെ 37 മിനിറ്റിൽ ഓടിയെത്തുക വന്ദേഭാരതിന് അപ്രായോഗികമാണ്. കഴിഞ്ഞ ദിവസവും 40 മിനിറ്റിലധികം വൈകി. വന്ദേഭാരത് വൈകും തോറും മറ്റ് ട്രെയിനുകൾ കടത്തിവിടാതെ പിടിച്ചിടുകയാണ്. ഇത് ആലപ്പുഴയിലെ യാത്രാക്ലേശം ഇരട്ടിപ്പിച്ചു.സമയക്രമം പാലിക്കും വിധം വന്ദേഭാരത് ഷെഡ്യൂൾ ചെയ്യാതെ കോട്ടയം വഴി റൂട്ട് മാറ്റുമെന്ന പ്രഖ്യാപനവും അനീതിയാണെന്ന് തീരദേശ പാതയിലെ യാത്രക്കാർ പറയുന്നു.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സമയം പാലിച്ചാൽ കായംകുളം പാസഞ്ചറിനെ ബാധിക്കില്ല. 6.05ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചർ 6.18ന് കുമ്പളത്ത് എത്തിച്ചേരുകയും 6.30ന് മുമ്പായി വന്ദേഭാരത് കുമ്പളം വഴി കടന്നുപോവുകയും ചെയ്യും. 15 മിനിറ്റിൽ ഒതുങ്ങുമായിരുന്ന ക്രോസിംഗ് 40 മിനിറ്റിന് മുകളിലേയ്ക്ക് കടന്നതാണ് ഇപ്പോൾ പ്രശ്നം സങ്കീർണമാക്കുന്നത്.
സമയം പാലിക്കാതെ ഓട്ടം
വന്ദേഭാരത് ഓടിത്തുടങ്ങിയതോടെ 10 മിനിറ്റ് വൈകി 5.25 നാണ് വേണാട് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നത്
വേണാട് മിക്ക ദിവസങ്ങളിലും കോട്ടയമെത്തുമ്പോൾ അരമണിക്കൂറിലധികം വൈകും
വേണാട് പതിവായി വൈകുന്നത് മൂലം പാലരുവിയിൽ അനിയന്ത്രിത തിരക്ക്
പാലരുവി 10 മിനിറ്റ് മുമ്പേ പുറപ്പെടുന്ന വിധം ക്രമീകരിച്ചതും മുളന്തുരുത്തിയിൽ 20 മിനിറ്റ് പിടിച്ചിടുന്നതും വന്ദേഭാരതിനായി
ഇരട്ടപ്പാതയായിട്ടും കോട്ടയം വഴിയുള്ള യാത്രാക്ളേശം നീളുന്നു