കൊച്ചിയിൽ റേവ് പാർട്ടികൾക്ക് “ഡിസ്കോ ബിസ്കറ്റ് ” എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ഉൻമാദ ലഹരി പകരുന്നതിനായി ഇവർ മയക്കുമരുന്ന് നല്കാറുണ്ടായിരുന്നു.
കാക്കനാട് സ്വദേശി സലാഹുദീൻ .ഒ.എം. (മഫ്റു), പാലക്കാട് തൃത്താല സ്വദേശി അമീർ അബ്ദുൾ ഖാദർ,കോട്ടയം വൈക്കം സ്വദേശി അർഫാസ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീം, എറണാകുളം ഐബി , എറണാകുളം റേഞ്ച് പാർട്ടി, അങ്കമാലി റേഞ്ച് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്.
അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തിൽപ്പെടുന്ന 7.5 ഗ്രാം MDMA ഇവരിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് വില്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും, മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഉപഭോക്താക്കൾക്കിടയിൽ “ഡിസ്കോ ബിസ്കറ്റ് ” എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്.
പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്നത് അടിപിടി ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഫ്റു എന്നറിയപ്പെടുന്ന സലാഹുദ്ദീൻ ആയിരുന്നു. റേവ് പാർട്ടികളിലെ രാസലഹരിയുടെ വിതരണം പൂർണ്ണമായും ഏറ്റെടുത്തിരുന്നത് ഈ മൂവർ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവർ മുഖാന്തിരമാണ് പ്രധാനമായും ബംഗളൂൂരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് നിശാപാർട്ടികളിൽ രാസലഹരി എത്തിയിരുന്നത്.
മുമ്പ് എക്സൈസ് പിടിയിലായ യുവതീ യുവാക്കളിൽ നിന്ന് ഇവരെക്കുറിച്ചുള്ള സൂചനകൾ കിട്ടിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. വ്യത്യസ്ത പേരുകളിൽ ഓൺലൈൻ ആയി റൂം എടുത്ത് താമസിച്ച് രാത്രിയാകുമ്പോൾ മയക്കുമരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു വിൽപ്പനയുടെ രീതി.
ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്സൈസ് സ്പെഷ്യൻ ആക്ഷൻ ടീമിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് ട്രെയിനിൽ മയക്കുമരുന്നുമായി വന്നിറങ്ങിയ ഇവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.