ഭുവനേശ്വർ: കേരളത്തെ ഞെട്ടിച്ച ഉത്രമോഡൽ കൊലപാതകം രാജ്യത്ത് വീണ്ടും. പാമ്പുകടിയേറ്റ് മരിച്ചാൽ ബന്ധുക്കൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഇരുപത്തഞ്ചുകാരൻ ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഗണേശ് പത്ര എന്നയുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു.
ഗണേശ് പത്രയുടെ ഭാര്യ ബസന്തി പത്ര (23), മകൾ ദേബസ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഒറീസയിൽ പാമ്പുകടിയേറ്റ് മരിക്കുന്നവർക്ക് സർക്കാർ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇത് വാങ്ങിയെടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനൊപ്പം കുടുംബ പ്രശ്നങ്ങളും കൊലയ്ക്ക് കാരണമായെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞമാസം ഏഴിനാണ് ബസന്തി പത്രയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവികമരണമെന്ന നിലയിൽ പൊലീസ് കേസെടുത്തു. അതിനാൽത്തന്നെ കാര്യമായ അന്വേഷണവും നടന്നില്ല. എന്നാൽ മകളുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബസന്തിയുടെ പിതാവ് രംഗത്തെത്തി. മരുമകൻ ഗണേശ് പത്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും ഇയാൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.
താൻ ആരെയും കൊന്നില്ലെന്നും ഇരുവരും മരിച്ചത് പാമ്പുകടിച്ചാണെന്നുമാണ് പൊലീസ് ചോദ്യംചെയ്യലിൽ ഗണേശ് പറഞ്ഞത്. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഇതിൽ അയാൾ ഉറച്ചുനിന്നു. ഇതോടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് വിശദമായി പരിശോധിച്ചു. ബസന്തിയുടെയും മകളുടെയും ശരീരത്തിൽ ഒരേ സ്ഥലത്താണ് പാമ്പ് കടിച്ചതെന്ന് ഇതാേടെ വ്യക്തമായി. ഇങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത വളരെക്കുറവാണെന്നാണ് വിദഗ്ദ്ധർ പൊലീസിനോട് പറഞ്ഞത്. അതിനൊപ്പം ഇരുവരെയും കടിച്ചശേഷം പാമ്പ് മുറിയിൽ തന്നെ തുടർന്നു എന്ന ഗണേശിന്റെ മൊഴിയും സംശയത്തിനിടയാക്കി. മുറിയിൽ കണ്ട പാമ്പിനെ താൻ തല്ലിക്കൊന്നു എന്നാണ് ഗണേശ് പറഞ്ഞത്.ഇങ്ങനെ സംഭവിക്കാൻ സാദ്ധ്യത തീരെയില്ലെന്നാണ് വിദഗ്ദ്ധർ പൊലീസിനെ അറിയിച്ചത്. കടിയേറ്റശേഷം ഇരുവരും നിലവിളിക്കാത്തതും സംശയത്തിനിടയാക്കി. സംഭവം നടന്നിട്ട് ഒരുമാസത്തിലേറെയായതിനാൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് ഏറെ ബുദ്ധിമുട്ടി.
ഇതിനിടെയാണ് ഇയാൾ കുറച്ചുനാൾ മുമ്പ് പുതിയ സിംകാർഡ് എടുത്തതായി പൊലീസ് വിവരം ലഭിച്ചത്. ആ വഴിയുള്ള അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമാവുകയായിരുന്നു. മൂർഖനെ വാങ്ങാൻ പാമ്പാട്ടിയെ വിളിച്ചത് ഈ നമ്പരിൽ നിന്നായിരുന്നു. വീട്ടിൽ പ്രത്യേക ചടങ്ങ് നടത്തുന്നുണ്ടെന്നും ഇതിനുവേണ്ടി ഒരു മൂർഖനെ വേണമെന്നുമാണ് ഇയാൾ പാമ്പുപിടിത്തക്കാരനോട് പറഞ്ഞത്. ഇത് വിശ്വസിച്ച പാമ്പുപിടിത്തക്കാരൻ ഒരു പ്ളാസ്റ്റിക് കവറിൽ ഇട്ട് മൂർഖനെ കൈമാറി. ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച പാമ്പിനെ ഭാര്യയും മകളും ഉറങ്ങിക്കിടന്നപ്പോൾ മുറിയിൽ തുറന്നുവിടുകയും തുടർന്ന് അതിനെ വേദനിപ്പിച്ച് ഇരുവരെയും കടിപ്പിക്കുകയുമായിരുന്നു. താനൊറ്റയ്ക്കാണ് എല്ലാം പ്ളാൻചെയ്തതെന്നാണ് ഗണേശ് പൊലീസിനോട് സമ്മതിച്ചത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭാര്യയെ ഗണേശ് നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
മൂന്നുവർഷം മുമ്പാണ് കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടിരുന്നു. തുടർന്നാണ് മൂർഖനെക്കൊണ്ട് കടിപ്പിച്ചത്. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ വർഷം മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.