റിയാദ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുകയും പിന്നാലെ അപകടങ്ങൾ ഉണ്ടാകുന്നതും ഗൾഫ് രാജ്യങ്ങളിൽ സ്ഥിര സംഭവമാണ്. കുട്ടികളെ തനിച്ചിരുത്തി പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. യുഎഇയിൽ ഇത്തരം സംഭവങ്ങളിൽ കുട്ടികൾ മരണപ്പെടുന്നത് പതിവായതോടെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 10,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കുമെന്നാണ് യുഎഇ ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്.
ഇപ്പോഴിതാ യുഎഇക്ക് പിന്നാലെ സൗദി അറേബ്യയും നിയമം ശക്തമാക്കാൻ ഒരുങ്ങുകയാണ്. കുട്ടികളെ കാറിൽ തനിച്ചാക്കി പോകുന്നവരിൽ നിന്ന് 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നാണ് സൗദി അറേബ്യ ജനറൽ ഡയറക്ട്രേറ്റ് അറിയിച്ചത്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചിരുത്തുന്നവർക്കാണ് പിഴ ഒടുക്കേണ്ടി വരിക.
യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ പിഴ കർശനമാക്കിയിരിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങളിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന പ്രത്യേക സീറ്റുകൾ ഒരുക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി സൗദി അറേബ്യ അടുത്ത കാലത്തായി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, യുഎഇയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലായ് വരെ ലോക്ക് ചെയ്ത കാറിനുള്ളിൽ തനിച്ചിരുന്ന 36 കുട്ടികളെ റെസ്ക്യൂ സംഘം കണ്ടെത്തിയിരുന്നു. കുറച്ച് സമയത്തേക്കാണെങ്കിൽ കൂടിയും കുട്ടികളെ എസി ഓണാക്കി കാറിലിരുത്തി പോകുന്നത് വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലത്ത് പത്ത് മിനിറ്റ് കാർ പാർക്ക് ചെയ്യുമ്പോൾ കാറിനകത്തെ താപനില പത്ത് ഡിഗ്രി വർദ്ധിക്കും. ഈ സമയത്തെ താപനില കാറിനകത്തെ ചൂട് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇത് കുട്ടികൾക്ക് സൂര്യാഘാതം എൽക്കാൻ കാരണമാകുന്നു.