തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറാന്‍ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന സിപിഐ നേതൃയോഗങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് നിന്നുള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നിലവില്‍ പുതിയ സെക്രട്ടറിയെ സംബന്ധിച്ചുള്ള ആലോചന പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.
കാനം രാജേന്ദ്രന് പുറമേ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എംപി എന്നിവരാണ് ദേശീയ എക്‌സിക്യൂട്ടീവിലുള്ളത്. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂടിയാണ്. പ്രകാശ് ബാബു, ബിനോയ് വിശ്വം എന്നിവരിലൊരാളെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നത്.
ബിനോയ് വിശ്വത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചാല്‍ പ്രകാശ് ബാബുവിന് സാദ്ധ്യതയേറും. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി.പി സുനീര്‍ എന്നിവരേയും പരിഗണിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രധാനമായും ചുമതല കൈമാറുന്നത്.