ഉദിയൻകുളങ്ങര: അതിർത്തിക്കു പുറത്ത് ഭാഗ്യാന്വേഷികളുടെ ഒരു ഗ്രാമമുണ്ട്. കേരള – തമിഴ്‌നാട് അതിർത്തി നിർണ്ണയിച്ചിരിക്കുന്ന ഇഞ്ചിവിള. കളിയിക്കാവിളയിൽ നിന്നും ദേശീയ പാതയിലൂടെ മൂന്ന് കിലോമീറ്റർ കടന്നുചെന്നാൽ പടന്താലുമൂട് എന്ന സ്ഥലത്തിന്റെ വലതു ഭാഗത്ത് മുഴുവനുമുള്ള ഒരു ലോട്ടറി തെരുവ്. ഇവിടെ നിരനിരയായി 68 ഓളം ലോട്ടറി കടകളാണ് നിലവിലുള്ളത്. ഇവിടേക്ക് ഭാഗ്യം അന്വേഷിച്ചെത്തുന്നതിലെറെയും അന്യസംസ്ഥാനക്കാരാണ്.
തമിഴ്നാട്ടിന്റെ വിവിധ സ്ഥലങ്ങളായ മധുര, തിരുനെൽവേലി, കന്യാകുമാരി, നാഗർകോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുവരെ ദിനംപ്രതി കേരള ലോട്ടറിക്ക് ആവശ്യക്കാരെത്തും. ഇത്തവണത്തെ ഓണം ബംമ്പർ പാലക്കാട് അതിർത്തിക്കപ്പുറത്ത് വില്പന നടക്കുകയും ഭാഗ്യവാൻ അതിർത്തിക്ക് അപ്പുറത്തുള്ള ആളുകൂടെ ആയതോടെ ഈ പ്രദേശത്ത് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു. വരുന്ന പൂജാ ബംമ്പർ സെറ്റ് ക്രമീകരിച്ച് നൽകണമെന്ന ആവശ്യവുമായി ഇപ്പോഴേ ഉപഭോക്താക്കൾ എത്തിത്തുടങ്ങിയെന്ന് ലോട്ടറി വ്യാപാരികൾ പറയുന്നു.
പേരുകേട്ട ഗ്രാമം
ഒരുകാലത്ത് പടന്താലുമൂട് ഗ്രാമം കരുപ്പെട്ടിക്കും, പുളിക്കും, പേരുകേട്ട സ്ഥലമായിരുന്നു. എന്നാൽ ഇപ്പോൾ ലോട്ടറിത്തെരുവായി മാറിയ കാഴ്ചയാണ്. പടന്താലുമൂട് എന്ന സ്ഥലം തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും റോഡിന്റെ വലതു ഭാഗത്തെ അയിങ്കാമം എന്ന സ്ഥലം കേരളത്തിന്റേതാണ്. തമിഴ്നാട്ടിൽ ഭാഗ്യക്കുറി നിരോധനം നിലവിലുണ്ടെങ്കിലും അതിർത്തിയിൽ കേരളത്തിന്റെ ഭാഗത്ത് നിലവിലുള്ള ലോട്ടറി കച്ചവടത്തിന് തടസ്സം നിൽക്കാനുമാവില്ല.
ആറു വർഷങ്ങൾക്കു മുമ്പ് തമിഴ്നാട് ഭാഗത്ത് ലോട്ടറി കച്ചവടം അനുവദിക്കില്ലെന്ന തർക്കവുമായി തമിഴ്നാട് പൊലീസ് രംഗത്തുവന്നത് ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയ തർക്കത്തിനും ഈ ഭാഗത്ത് ലോട്ടറി കച്ചവടം വഴിയൊരുക്കിയിരുന്നു.
ആവശ്യക്കാർ ഏറെ
ഇത്തവണത്തെ ഓണം ബമ്പർ വിറ്റതിൽ തിരുവനന്തപുരം ജില്ലയെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ചെലവായത് ഈ ഭാഗത്താണെന്ന് ഇവിടുത്തെ വ്യാപാരികൾ അവകാശപ്പെടുന്നു.
ഓരോ വ്യാപാര സ്ഥാപനങ്ങളിലുമായി 5 ലക്ഷവും 10 ലക്ഷത്തിലുമധികം ഓണം ബംമ്പർ മാത്രം ഇക്കുറി ഓണക്കാലത്ത് വിറ്റുപോയതായും വരുന്ന പൂജ – ക്രിസ്മസ് ബംമ്പർ തുടങ്ങിയവയിൽ ഇതിനേക്കാൾ വില്പന നടത്താൻ കഴിയുമെന്നും ഇവിടത്തെ ലോട്ടറി വ്യാപാരികൾ പറയുന്നു. ഈ ഭാഗത്ത് ഒരുപാട് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചതായും പറയപ്പെടുന്നു.
ഉയർന്ന വാടകയും
ഇവിടെ മുഴുവൻ ലോട്ടറി കടകൾ മാത്രമായി മാറിയതിനാൽ ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിലെ വാടകയും ഉയർന്ന രീതിയിലാണ്. ലോട്ടറി കച്ചവടത്തിന് പ്രതിദിനം ആയിരത്തിലധികം രൂപ വാടക കൊടുക്കുന്ന കടകളും നിലവിലുണ്ട്. ഈ പ്രദേശത്ത് ഭാഗ്യാന്വേഷികളായി എത്തുന്നതിൽ കേരളത്തിൽ നിന്നുള്ളവരും കുറവല്ല.
കച്ചവടം കൂടുതലും അന്യസംസ്ഥാനക്കാർ
ഈ പ്രദേശത്ത് ഇപ്പോൾ ലോട്ടറി കച്ചവടം നടത്തുന്നതിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. കേരളത്തിലെ പല ഏജൻസികളുടെയും സബ് ഏജൻസികളായാണ് ഇവിടത്തെ ലോട്ടറി കടകൾ പ്രവർത്തിച്ചുവരുന്നത്. തമിഴ്നാട്ടിലുള്ളവർക്ക് ഏജൻസികൾ അനുവദിക്കാൻ കഴിയാത്തതാണ് ഇതിനു പിന്നിലെ നിയമതടസ്സവും.