ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഭീഷണി നിയന്ത്രിക്കാനുറച്ച് കേന്ദ്രം. ഇതിനുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾക്ക് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം നിർദ്ദേശം. ലഭ്യമായ സാങ്കേതിക വിദ്യകൾ അടക്കം നിർദ്ദേശിക്കണം.
ഡീപ് ഫേക്കിനായുള്ള നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വിളിച്ച യോഗത്തിലാണ് നിർദ്ദേശം. നടപടികൾ ഉടൻ പ്രാബല്യത്തിൽവരുമെന്ന് മന്ത്രി അറിയിച്ചു.
ഡീപ് ഫേക്ക് കണ്ടെത്താനും തടയാനും അതിനെതിരെ അവബോധം വർദ്ധിപ്പിക്കാനും ആവശ്യമായ നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയന്ത്രണങ്ങൾ ഉടൻ കൊണ്ടുവരും. വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കരട് പൂർത്തിയാക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുകയോ, പുതിയത് കൊണ്ടുവരികയോ ചെയ്യും. ഗൂഗിൾ, മെറ്റ, എക്‌സ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു
ഡീപ് ഫേഫ് കണ്ടുപിടിക്കാൻ വിപുലമായ സാങ്കേതിക വിദ്യകൾ ലഭ്യമാണെന്ന് യോഗത്തിൽ സമൂഹമാദ്ധ്യമ പ്രതിനിധികൾ പറഞ്ഞു. കേന്ദ്രവുമായി സഹകരിക്കാൻ സന്നദ്ധതയും അറിയിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ സോഷ്യൽ മീഡിയ കമ്പനികളും നാസ്‌കോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വിദദ്ധരും സൈബർ സുരക്ഷാ വിദഗ്ദ്ധരും പങ്കെടുത്തു. ഡിസംബർ ആദ്യവാരം അടുത്ത യോഗം ചേരും.
‘ഡീപ് ഫേക്ക്, അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും സമൂഹത്തിന് ഹാനികരമാണെന്നും എല്ലാ പ്ളാറ്റ്‌ഫോമുകളും വ്യവസായ ലോകവും സമ്മതിക്കുന്നു. അതിനാൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും ഒറ്റക്കെട്ടാണ്’. അശ്വനി വൈഷ്ണവ് പറഞ്ഞു.