വിശാഖപട്ടണം : ആദ്യ ട്വന്റി-20യിൽ മികച്ച സ്കോറുയർത്തിയ ഓസ്ട്രേലിയയെ തിരിച്ചടിച്ച് തോൽപ്പിച്ച് ഇന്ത്യൻ യുവനിര. ഏകദിന ലോകകപ്പ് ജേതാക്കളായശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഓസീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യഅവസാനപന്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
50 പന്തുകളിൽ 110 റൺസുമായി അന്താരാഷ്ട്ര ട്വന്റി-20യിലെ ആദ്യ സെഞ്ച്വറി നേടിയ ജോഷ് ഇൻഗിലിസിന്റെയും 41 പന്തുകളിൽ 52 റൺസ് നേടിയ സ്റ്റീവൻ സ്മിത്തിന്റെയും മികച്ച ബാറ്റിംഗാണ് ഓസീസിനെ 208ലെത്തിച്ചത്. 39 പന്തുകളിൽ രണ്ട് ഫോറും അഞ്ചുസിക്സുമടക്കം 58 റൺസ് നേടിയ ഇഷാൻ കിഷനും 42 പന്തുകളിൽ ഒൻപത് ഫോറുകളും നാലു സിക്സുകളുമടക്കം 80 റൺസ് നേടിയസൂര്യകുമാർ യാദവുമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.
രണ്ട് റൺഒൗട്ടുകൾ ഉൾപ്പടെ മൂന്ന് വിക്കറ്റ് വീണ അവസാന ഓവറിലെ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ റിങ്കു സിംഗ് (22*)സിക്സടിച്ചെങ്കിലും ആ ബാൾ നോബാൾ ആയതിനാൽതന്നെ ഇന്ത്യ ജയിക്കുകയായിരുന്നു.
സൂര്യകുമാറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ യുവനിര ടോസ് നേടി ഓസീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സ്മിത്തും മാത്യു ഷോർട്ടും(13) ചേർന്നാണ് ഓസീസിനായി ബാറ്റിംഗ് ഓപ്പൺ ചെയ്യാനെത്തിയത്. അഞ്ചാം ഓവറിൽ മാത്യു ഷോർട്ടിനെ ബൗൾഡാക്കി രവി ബിഷ്ണോയ് സഖ്യം പൊളിച്ചതോടെയാണ് ഇൻഗിലിസ് കളത്തിലിറങ്ങിയത്. പിന്നീട് സ്കോർ ബോർഡ് കുതിച്ചുയരുകയായിരുന്നു. ഏഴാം ഓവറിൽ 50 കടന്ന ഓസീസ് 12-ാം ഓവറിൽ നൂറിലെത്തി. സൂക്ഷ്മതയോടെ കളിച്ച സ്മിത്ത് 41 പന്തുകളിൽ എട്ടുഫോറുകളടക്കമാണ് 52 റൺസിലെത്തി റൺഒൗട്ടായത്.130 റൺസാണ് സ്മിത്തും ഇൻഗിലിസും ചേർന്ന് കൂട്ടിച്ചേർത്തത്. 11 ഫോറുകളും എട്ടുസിക്സുകളും പായിച്ച ഇൻഗിലിസിനെ 18-ാം ഓവറിൽ പ്രസിദ്ധ്കൃഷ്ണയാണ് മടക്കി അയച്ചത്. തുടർന്ന് ടിം ഡേവിഡും (19 നോട്ടൗട്ട്) മാർക്കസ് സ്റ്റോയ്നിസും (7*) ചേർന്ന് 208ലെത്തിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശ്വസി ജയ്സ്വാൾ ആദ്യ പന്തിൽ ഫോറും രണ്ടാം പന്തിൽ സിക്സും നേടി മികച്ച തുടക്കമിട്ടെങ്കിലും അഞ്ചാം പന്തിൽ ഇല്ലാത്ത രണ്ടാം റണ്ണിന് വേണ്ടി റിങ്കു സിംഗിനെ വിളിച്ചിറക്കി റൺഒൗട്ടാക്കി. എട്ടുപന്തിൽ 21 റൺസടിച്ച യശ്വസി മൂന്നാം ഓവറിൽ ഷോർട്ടിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി മടങ്ങുകയും ചെയ്തു.