കണ്ണൂർ: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂർ തലശേരി ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥികളെക്കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. സംഭവത്തിൽ എംഎസ്എഫ് ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. കുട്ടികളെ വെയിലത്ത് നിർത്തിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നവകേരള സദസിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോഴാണ് റോഡരികിൽ നിൽക്കുന്ന കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടികൾ നിൽക്കുന്നത്. ‘അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, കേരള സർക്കാരിന് അഭിവാദ്യങ്ങൾ’ എന്നാണ് കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. കുട്ടികൾ നിർത്തുമ്പോൾ ‘വിളിച്ചോ വിളിച്ചോ’ എന്ന് അടുത്തുനിൽക്കുന്ന അദ്ധ്യാപകർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.